This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സര്‍വകലാശാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സര്‍വകലാശാല

കേരളത്തിലെ പ്രഥമ സര്‍വകലാശാല. തിരുവിതാംകൂര്‍രാജാവായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമവര്‍മ പുറപ്പെടുവിച്ച ഉത്തരവുപ്രകാരം 1937 ന. 1-ന് തിരുവനന്തപുരം ആസ്ഥാനമായി യൂണിവേഴ്സിറ്റി ഒഫ് ട്രാവന്‍കൂര്‍ നിലവില്‍ വന്നു. തുടര്‍ന്ന് 1937-ലെ ആക്റ്റ് നമ്പര്‍-1 പ്രകാരം മദ്രാസ് യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തിരുന്ന തിരുവിതാംകൂര്‍ പ്രദേശത്തെ കോളജുകള്‍ ട്രാവന്‍കൂര്‍ യൂണിവേഴ്സിറ്റിയുടെ അധികാരപരിധിക്കുള്ളിലായി. ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസവികസനം, കേരളീയ കലാസാംസ്കാരങ്ങളുടെ പരിപോഷണം എന്നിവയായിരുന്നു തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ സ്ഥാപിത ലക്ഷ്യങ്ങള്‍. വിജ്ഞാനവര്‍ധനവിനും ഗവേഷണത്തിനും ആവശ്യമായ കോഴ്സുകള്‍ നടത്തുക, ഡിഗ്രികളും ഡിപ്ലോമകളും ടൈറ്റിലുകളും ഏര്‍പ്പെടുത്തുക, പരീക്ഷകള്‍ നടത്തുകയും ഡിഗ്രികള്‍ നല്കുകയും ചെയ്യുക എന്നിവയാണ് സര്‍വകലാശാലയുടെ മുഖ്യകൃത്യങ്ങള്‍. അന്നത്തെ തിരുവിതാംകൂര്‍ രാജാവ് ചിത്തിരതിരുനാള്‍ ബാലരാമവര്‍മ ചാന്‍സലറായും സേതുപാര്‍വതീബായ് പ്രൊ.ചാന്‍സലറായും ദിവാന്‍ സര്‍. സി.പി. രാമസ്വാമി അയ്യര്‍ വൈസ് ചാന്‍സലാറായും രൂപവത്കരിക്കപ്പെട്ട തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ ആദ്യത്തെ പ്രൊ. വൈസ് ചാന്‍സലര്‍ വിദ്യാഭ്യാസവിചക്ഷണനായ സി.വി. ചന്ദ്രശേഖരന്‍ ആയിരുന്നു. ദിവാന്‍ഭരണം അവസാനിച്ചതോടെ ഹെറാള്‍ഡ് പോപ് വര്‍ത്ത് (1947-49) വൈസ് ചാന്‍സലറായി സ്ഥാനമേറ്റു. തിരു-കൊച്ചി സംസ്ഥാനം നിലവില്‍ വന്നതിനുശേഷം പ്രൊഫ. വി.കെ. നന്ദന്‍മേനോനും (1950-51) എ. രാമസ്വാമി മുതലിയാരും (1951-57) വൈസ്ചാന്‍സലര്‍മാരായി സേവനം അനുഷ്ഠിച്ചു. കേരള സംസ്ഥാനം നിലവില്‍ വന്നതോടെ 1957-ലെ 14-ാം ആക്റ്റ് അനുസരിച്ച് 1957 ആഗ. 30-ന് മലബാര്‍ പ്രദേശം കൂടി ഉള്‍പ്പെടുത്തി, സംസ്ഥാനമൊട്ടാകെയുള്ള ഏക സര്‍വകലാശാലയായി ട്രാവന്‍കൂര്‍ യൂണിവേഴ്സിറ്റി വികസിക്കുകയും കേരള സര്‍വകലാശാല എന്നു പുന:നാമകരണം ചെയ്യപ്പെടുകയും ചെയ്തു. 1968-ല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി രൂപീകൃതമാകും വരെ കേരള സര്‍വകലാശാലയായിരുന്നു സംസ്ഥാനത്തെ ഏക സര്‍വകലാശാല. 1983-ല്‍ കോട്ടയം കേന്ദ്രമാക്കി മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി രൂപവത്കരിച്ചതോടെ കേരളസര്‍വകലാശാലയുടെ പ്രവര്‍ത്തനപരിധി വീണ്ടും ചുരുങ്ങി. തിരുവനന്തപുരം, കൊല്ലം ജില്ലകളും ആലപ്പുഴ ജില്ലയുടെ ഭൂരിഭാഗവും പത്തനംതിട്ട ജില്ലയിലെ ഏതാനും പ്രദേശങ്ങളുമാണ് ഇപ്പോള്‍ കേരള സര്‍വകലാശാലയുടെ അധികാര പരിധിയിലുള്ളത്.

ആര്‍ട്സ് ആന്‍ഡ് സയന്‍സ്, എന്‍ജിനീയറിങ്, ടീച്ചേഴ്സ് ട്രെയിനിങ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി 194 കോളജുകള്‍ കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ആര്‍ട്സ്, സയന്‍സ് വിഷയങ്ങളില്‍ ബിരുദ/ബിരുദാനന്തര പഠനത്തിന് 10 ഗവണ്‍മെന്റ് കോളജുകള്‍, 37 എയ്ഡഡ് കോളജുകള്‍, 24 സ്വാശ്രയ കോളജുകള്‍ എന്നിങ്ങനെ 71 കോളജുകള്‍ സര്‍വകലാശാലയ്ക്കു കീഴിലുണ്ട്. സര്‍വകലാശാലയ്ക്കുകീഴില്‍ എന്‍ജിനീയറിങ് കോഴ്സ് നടത്തുന്ന 42 കോളജുകളില്‍ രണ്ട് ഗവണ്‍മെന്റ്കോളജുകള്‍, ഒരു എയ്ഡഡ് കോളജ്, 38 സ്വാശ്രയ കോളജ് എന്നിവ ഉള്‍പ്പെടുന്നു. ഇതുകൂടാതെ സര്‍വകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കാര്യവട്ടം കാമ്പസില്‍ ഒരു എന്‍ജിനീയറിങ് കോളജും പ്രവര്‍ത്തിക്കുന്നുണ്ട്. മെഡിക്കല്‍, ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധ, ഡെന്റല്‍, ഫാര്‍മസി, പാരാമെഡിക്കല്‍, നഴ്സിങ് മേഖലയിലെ 50 ഗവണ്‍മെന്റ്/സ്വാശ്രയ കോളജുകള്‍ 2010 വരെ കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിരുന്നു. 2010-ല്‍ ആരോഗ്യ സര്‍വകലാശാല (Kerala University of Health and allied Sciences) നിലവില്‍ വന്നതോടെ ഈ കോളജുകളെല്ലാം അതിന് കീഴിലായി. നിയമപഠനത്തിനായി ആറ് കോളജുകളും ഫൈന്‍ ആര്‍ട്സ് വിഭാഗത്തില്‍ രണ്ടും സംഗീതപഠനത്തിനായി ഒരു കോളജും കേരള സര്‍വകലാശാലയുടെ കീഴിലുണ്ട്. സ്പോര്‍ട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ കീഴിലുള്ള തിരുവനന്തപുരം കാര്യവട്ടത്തെ ലക്ഷ്മീഭായ് നാഷണല്‍ കോളജ് ഒഫ് ഫിസിക്കല്‍ എഡ്യുക്കേഷനും കേരള സര്‍വകലാശാലയിലാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. ഇതിനുപുറമേ, എം.ബി.എ., എം.സി.എ., ഹോട്ടല്‍മാനേജ്മെന്റ് എന്നീ മേഖലകളിലും കോളജുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.

ബിരുദാനന്തരബിരുദം, എം.ഫില്‍, ഗവേഷണം തുടങ്ങിയ കോഴ്സുകള്‍ പ്രധാനമായും യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ടുമെന്റുകളിലാണ് നടത്തപ്പെടുന്നത്. ബിസിനസ് മാനേജ്മെന്റ് ആന്‍ഡ് ലീഗല്‍ സ്റ്റഡീസ്, കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ലൈബ്രറി സയന്‍സ്, ഡിസ്റ്റന്റ് എഡ്യുക്കേഷന്‍, എര്‍ത്ത് സിസ്റ്റം സയന്‍സസ്, ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാങ്ഗ്വേജസ്, ഫൈന്‍ ആര്‍ട്സ്, ഇന്ത്യന്‍ ലാങ്ഗ്വേജസ്, ലൈഫ് സയന്‍സസ്, ഫിസിക്കല്‍ ആന്‍ഡ് മാത്തമാറ്റിക്കല്‍ സയന്‍സസ്, സോഷ്യല്‍ സയന്‍സസ്, ടെക്നോളജി എന്നീ 11 വിഭാഗങ്ങളിലായി 42 ഡിപ്പാര്‍ട്ടുമെന്റുകള്‍ സര്‍വകലാശാലയ്ക്കുണ്ട്. ടീച്ചിങ് ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കുപുറമേ 82 അംഗീകൃത ഗവേഷണകേന്ദ്രങ്ങള്‍ കൂടി സര്‍വകലാശാലയ്ക്കുണ്ട്.

ഗവണ്‍മെന്റ്/സ്വാശ്രയ മേഖലകളിലായി 50 ബി.എഡ് കോളജുകള്‍ സര്‍വകലാശാലയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇലക്ട്രോണിക്സ്, ബിസിനസ് അഡ്മിനിസ്ട്രേഷന്‍ തുടങ്ങിയ നൂതന കോഴ്സുകള്‍ക്കായി 14 യു.ഐ.ടി.(യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി)കളും പ്രവര്‍ത്തിച്ചുവരുന്നു. ഗാന്ധിയന്‍ സ്റ്റഡീസ്, നാനോ ടെക്നോളജി, ബയോ ഇന്‍ഫര്‍മാറ്റിക്സ്, വിമന്‍ സ്റ്റഡീസ് തുടങ്ങിയ പ്രത്യേക വിഷയങ്ങളില്‍ സ്റ്റഡിസെന്ററുകളും സര്‍വകലാശാലയുടെ കീഴിലുണ്ട്. കോളജുകളില്‍ ചേര്‍ന്നു പഠിക്കാന്‍ സാധിക്കാത്തവരെ ഉദ്ദേശിച്ച് ബിരുദതലത്തില്‍ പ്രൈവറ്റ് രജിസ്ട്രേഷനും കറസ്പോണ്ടന്‍സ് കോഴ്സിനും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍വകലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ സര്‍വതോമുഖമായ ഉന്നമനം ലക്ഷ്യമാക്കി കേരള യൂണിവേഴ്സിറ്റി യൂണിയനും പ്രവര്‍ത്തിച്ചു വരുന്നു. വിവിധ വിഷയങ്ങളില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടാനവസരം നല്‍കുന്ന സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. കേരള സര്‍വകലാശാലയുടെ തുടര്‍ പഠനകേന്ദ്രത്തിന് 2005-ല്‍ യുണെസ്കോ പുരസ്കാരം ലഭിക്കുകയുണ്ടായി. യു.ജി.സി. സഹായത്തോടെ അധ്യാപകര്‍ക്ക് റിഫ്രഷര്‍ കോഴ്സ് നല്‍കുന്ന ഒരു അക്കാദമിക് സ്റ്റാഫ് കോളജ് കാര്യവട്ടത്ത് പ്രവര്‍ത്തിച്ചുവരുന്നു. കമ്പ്യൂട്ടര്‍ സെന്റര്‍, സ്റ്റുഡന്റ് സര്‍വീസ് ഡിപ്പാര്‍ട്ടുമെന്റ്, യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ തുടങ്ങിയവയും സര്‍വകലാശാലയുടെ കീഴിലുണ്ട്.

കേരള സര്‍വകലാശാല ആസ്ഥാനം

സര്‍വകലാശാലയിലെ പബ്ലിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്, ഹോര്‍ത്തൂസ് മലബാറിക്കുസിന്റെ വിവര്‍ത്തനവും കേരള സാഹിത്യചരിത്രം പോലുള്ള പ്രധാനഗ്രന്ഥങ്ങളുടെ പ്രസാധനവും വിതരണവും നിര്‍വഹിച്ചിട്ടുണ്ട്. ലെക്സിക്കണ്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴില്‍ മലയാള നിഘണ്ടു നിര്‍മാണവും പുരോഗമിച്ചുവരുന്നു.

സര്‍വകലാശാലയുടെ പ്രധാന ലൈബ്രറി 1942-ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. മൂന്നര ലക്ഷത്തോളം പുസ്തകങ്ങളും അഞ്ഞൂറിലധികം ആനുകാലികപ്രസിദ്ധീകരണങ്ങളും ഈ ഗ്രന്ഥശാലയില്‍ ഉണ്ട്. ഇതു കൂടാതെ സര്‍വകലാശാലയുടെ ഓരോ അധ്യയന വിഭാഗത്തിനും വിശിഷ്ടപഠനത്തിനുപയുക്തമായ പുസ്തകസമാഹരണങ്ങളുള്ള സുസജ്ജമായ പ്രത്യേക ലൈബ്രറികളുമുണ്ട്. 1938-ല്‍ പണ്ഡിറ്റ് എ.ആര്‍. ശാസ്ത്രിയുടെ സ്വകാര്യ ശേഖരമായിരുന്ന 1,300 ഹസ്തലിഖിതഗ്രന്ഥങ്ങള്‍ ഉപയോഗിച്ചുകൊണ്ട് പ്രവര്‍ത്തനം ആരംഭിച്ച ഒരു പ്രത്യേക മാനുസ്ക്രിപ്റ്റ് ലൈബ്രറിയും സര്‍വകലാശാലയുടെ ഭാഗമാണ്. പില്ക്കാലത്ത് മറ്റു നിരവധി ഹസ്തലിഖിതഗ്രന്ഥങ്ങള്‍കൂടി സമാഹരിച്ച് ഈ മാനുസ്ക്രിപ്റ്റ് ലൈബ്രറി സമ്പുഷ്ടമാക്കപ്പെട്ടു. ഇവയില്‍ കേരളത്തിന്റെ പുരാതന ചരിത്ര സംബന്ധമായ നിരവധി രേഖകളും ഉള്‍പ്പെടുന്നു. സര്‍വകലാശാലയുടെ കീഴിലുള്ള പ്രസിദ്ധീകരണവകുപ്പ് പാഠപുസ്തകങ്ങളോടൊപ്പം മറ്റനേകം ഇംഗ്ലീഷ്, സംസ്കൃത, മലയാളഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചുവരുന്നു. ഈ പ്രസിദ്ധീകരണങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് മലയാള മഹാനിഘണ്ടുവാണ്.

മാനുസ്ക്രിപ്റ്റ് ലൈബ്രറി-കേരള സര്‍വകലാശാല

കേരള സര്‍വകലാശാലയുടെ പ്രധാന കാമ്പസ് തിരവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു. പ്രധാന കാമ്പസില്‍ നിന്ന് 10 കി. മീ. അകലെയുള്ള അതിവിശാലമായ കാര്യവട്ടം കാമ്പസില്‍ ആണ് ഒട്ടുമുക്കാലും യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ടുമെന്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് വിപുലമായ ഹോസ്റ്റല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള പ്രത്യേകം ഹോസ്റ്റലുകള്‍ കാര്യവട്ടം കാമ്പസില്‍ പ്രവര്‍ത്തിച്ചു വരുന്നു. സര്‍വകലാശാലയിലും അഫിലിയേറ്റഡ് കോളജുകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കായികരംഗത്തും വിവിധതരം കളികളിലും പരിശീലനം നല്‍കുന്നതിനുള്ള സജ്ജീകരണങ്ങള്‍ സര്‍വകലാശാലയിലുണ്ട്. യോഗാഭ്യാസത്തിനും പ്രാദേശിക കായികവിനോദങ്ങള്‍ക്കും ഇവിടെ പ്രത്യേക പരിഗണന നല്‍കിവരുന്നു.

സര്‍വകലാശാലയുടെ ഭരണസമിതി സെനറ്റാണ്. 117 അംഗങ്ങളുള്ള സെനറ്റിന്റെ കാലാവധി നാലു വര്‍ഷമാണ്. സെനറ്റംഗങ്ങളില്‍ കുറേപ്പേര്‍ എക്സ് ഒഫിഷ്യോ അംഗങ്ങളുമാണ്. എന്നാല്‍ ഭൂരിപക്ഷം സെനറ്റംഗങ്ങളും വിവിധ മണ്ഡലങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരായിരിക്കും. രജിസ്ട്രേഡ് ഗ്രാഡ്വേറ്റുകള്‍ക്കാണ് മുന്തിയ പ്രാതിനിധ്യം. സര്‍വകലാശാലാ അധ്യയനവിഭാഗത്തെ ഗവ. കോളജ്, പ്രൈവറ്റ് കോളജ് എന്നിങ്ങനെ മേഖല തിരിച്ച് അധ്യാപകര്‍ക്ക് സെനറ്റില്‍ ആദ്യമായി പ്രാതിനിധ്യം നല്‍കിയത് കേരള സര്‍വകലാശാലയാണ്. സെനറ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരുള്‍പ്പെടെ 25 അംഗങ്ങളുള്ള സിന്‍ഡിക്കേറ്റാണ് സര്‍വകലാശാലയുടെ യഥാര്‍ഥ ഭരണാധികാരസമിതി. ഇവിടെയും ഒരു വിദ്യാര്‍ഥി പ്രതിനിധിയും ഏതാനും അധ്യാപക പ്രതിനിധികളും ഉണ്ട്.

സംസ്ഥാന ഗവര്‍ണറാണ് സര്‍വകലാശാലയുടെ ചാന്‍സലര്‍; വിദ്യാഭ്യാസമന്ത്രി പ്രൊ. ചാന്‍സലറും. വൈസ് ചാന്‍സലറാണ് സര്‍വകലാശാലയുടെ അക്കാദമിക് എക്സിക്യൂട്ടീവ് ഓഫീസര്‍; രജിസ്ട്രാറാകട്ടെ, സെനറ്റിന്റെയും സിന്‍ഡിക്കേറ്റിന്റെയും എക്സ് ഒഫിഷ്യോ സെക്രട്ടറിയും.

2012-ല്‍ കേരള സര്‍വകലാശാല പ്ലാറ്റിനം ജൂബിലി സമുചിതമായി ആഘോഷിച്ചു.

(ഡോ. കെ. ശിവദാസന്‍ പിള്ള; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍